മേപ്പാടി: വാര്‍ഡ് ജനപ്രതിനിധി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ തനിക്ക് ലഭിക്കുന്ന ഓണറേറിയം തുക മുഴുവനായും മാസം തോറും വാര്‍ഡിലെ കാന്‍സര്‍, വൃക്ക രോഗികളുടെ ചികിത്സയ്ക്ക് സഹായമായി നല്കി വരുന്ന ജനപ്രതിനിധിയാണ് മേപ്പാടി കോട്ടനാട് സ്വദേശി ജോണ്‍ മാത.
ഇപ്പോള്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. മാസം 12,200 രൂപയാണ് വൈസ് പ്രസിഡന്റിന് ലഭിക്കുന്ന ഓണറേറിയം. എട്ട് രോഗികളാണ് വാര്‍ഡിലുള്ളത്. ഒരാള്‍ക്ക് 2000 രൂപ വീതം ചികിത്സാ സഹായമായി ജോണ്‍ മാത നല്കി വരുന്നുണ്ട്. ഇതിനായി മാസം 16,000 രൂപ വേണം. 12,200 കഴിച്ച് ബാക്കി വരുന്ന തുക സ്വന്തം കൈയ്യില്‍ നിന്നു ചേര്‍ത്താണ് ഒരാള്‍ക്ക് 2,000 രൂപ വീതം നല്കി വരുന്നത്.
ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവര്ത്തനങ്ങള്ക്കായിവരുന്ന ചെലവ് കൈയ്യില്‍ നിന്നെടുത്താണ് പൊതുപ്രവര്‍ത്തനം. അതിലെല്ലാം മനസില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തികൂടിയാണ് ജോണ്‍ മാത. ജനപ്രതിനിധിയാകുന്നതിന് മുമ്പും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തനമെന്നാല്‍ ജനസേവനമാണ് എന്ന നിലപാടാണ് ഇദ്ദേഹത്തിന്റേത്.